നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നു; സ്വജനപക്ഷപാതം വ്യക്തം: വീണ്ടും ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ നിയമനത്തിൽ സ്വജനപക്ഷപാതം വ്യക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതികൾ പരിശോധിച്ചപ്പോൾ പ്രഥമദൃഷ്ട്യാ ഇക്കാര്യം വ്യക്തമായി. വേണ്ടത്ര യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കാനായിരുന്നു നീക്കം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് ഗവർണർ പറഞ്ഞു.

“സർവകലാശാലയിലെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി. അതിൽ ഒരു സംശയവുമില്ല. ഇതിനെ രാഷ്ട്രീയമായി നേരിടും. ചാൻസലർ എന്ന നിലയിൽ നിയമപരമായാണ് നടപടി. എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാം. കണ്ണൂർ സർവകലാശാലയിലെ നിയമലംഘനങ്ങൾ നിരവധിയാണ്. ഹൈക്കോടതി ഉത്തരവ് മാറ്റിനിർത്തി ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിച്ചു. മതിയായ അനുമതിയില്ലാതെ കോളജിന് അംഗീകാരം നൽകാൻ നോക്കി.” ഗവർണർ പറഞ്ഞു.

കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതു വിവാദമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഗവർണർ നിയമന നടപടികൾ മരവിപ്പിച്ചിരുന്നു.