‘ബിജെപിയോട് ഒരു വിട്ടുവീഴ്ചയുമില്ല; കലൈഞ്ജറുടെ മകനാണ് ഞാന്‍’

ചെന്നൈ: ബി.ജെ.പിയുമായി ഒരിക്കലും സന്ധി ചേരില്ലെന്നും അവരോടുള്ള നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. പ്രമുഖ ദലിത് നേതാവും ഡിഎംകെ സഖ്യകക്ഷിയുമായ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവന്‍റെ 60-ാം ജൻമവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

ഇരുപാർട്ടികളും തമ്മിൽ ഒരു ബന്ധമില്ലാത്തതിനാൽ ബിജെപിയുമായി നേരിയ തോതിൽ പോലും ആശയപരമായ വിട്ടുവീഴ്ചയ്ക്ക് ഡി.എം.കെ തയ്യാറല്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

“തമിഴ്നാട് മുഖ്യമന്ത്രി എന്ന നിലക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഞാൻ രാജ്യതലസ്ഥാനത്തേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങിനിടെ സ്റ്റാലിന്‍റെ ഡൽഹി സന്ദർശനത്തെ കുറിച്ച് ഒരു പ്രാസംഗികന്‍ പരാമർശിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്‍റെ പരാമർശം. കാവടിയാട്ടത്തിന് (ദക്ഷിണേന്ത്യയിലെ ഒരു അനുഷ്ഠാന കല) ഡല്‍ഹിയിലേക്ക് പോകുകയാണോ? ഡല്‍ഹിയില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ കൂപ്പുകൈകളോടെയാണോ പോകുന്നത്? ഇല്ല, ഞാന്‍ കലൈഞ്ജറുടെ മകനാണ്, സ്റ്റാലിന്‍ പറഞ്ഞു.