ബഫർ സോണിൽ പുരയിടമോ കൃഷിയിടമോ ഉൾപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബഫർ സോണിൽ പുരയിടമോ കൃഷിയിടമോ ഉൾപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ മേഖല പ്രഖ്യാപിക്കൂ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ.

ബഫർ സോൺ കേസ് ജനുവരി ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും. ജൂൺ 3 ലെ ഉത്തരവ് പ്രകാരം, ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്താമെന്നാണ് സർക്കാരിന്റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്‍റ് സെന്‍റർ തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതിയിൽ സത്യവാങ്മൂലം കൂടി സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

സാറ്റലൈറ്റ് സർവേ ബഫർ സോൺ മേഖലയുടെ ആകാശ ദൃശ്യങ്ങൾ മാത്രമാണെന്ന് പറഞ്ഞ് നേരിട്ടു പരിശോധിച്ചുള്ള വ്യക്തിഗത റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ അനുവാദം തേടാനാണ് ശ്രമം. ഇതിന്‍റെ സാധ്യതകൾ പരിശോധിക്കാൻ എജിയോടും സുപ്രീം കോടതി സ്റ്റാൻഡിംഗ് കൗൺസിലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.