യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി വീട്ടിലെ നായയെ ആവശ്യപ്പെട്ട് മോഷ്ടാക്കൾ

നോയിഡ: പലതരം തട്ടിക്കൊണ്ടുപോകൽ കഥകൾ നാം കേട്ടിട്ടുണ്ടെങ്കിലും വളരെ വിചിത്രമായി തോന്നുന്ന ഒരു തട്ടിക്കൊണ്ടുപോകൽ നടന്നിരിക്കുകയാണ് നോയിഡയിൽ. നായയെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിന് നായയെ കിട്ടാതെ വന്നതോടെ വീട്ടിലെ ഒരാളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപ വിലവരുന്ന നായയെ.

ഗ്രേറ്റർ നോയിഡയിലെ യൂണിടെക് ഹൊറൈസണിൽ ഡിസംബർ 14 നാണ് സംഭവം നടന്നത്. ശുഭം പ്രതാപ് സിങ്ങ് എന്നയാളുടെ വീട്ടിൽ ആറ് മാസം മുമ്പ് വാങ്ങിയ ഡോഗോ അർജന്‍റീനോ ഉൾപ്പെടെ രണ്ട് നായകളാണുള്ളത്. ഈ നായ്ക്കളെ പരിപാലിക്കാൻ ശുഭത്തിന്റെ സഹോദരൻ 30 കാരനായ രാഹുലും അവിടെയുണ്ട്. 

സംഭവ ദിവസം വിശാൽ കുമാർ, മോണ്ടി, ലളിത് എന്നിവർ നായയെ തട്ടിയെടുക്കാൻ ശുഭത്തിന്റെ അപ്പാർട്ട്മെന്‍റിൽ എത്തി. ഡോഗോ അർജന്‍റിനോയെ കടത്താൻ വിശാൽ കുമാർ ശ്രമം നടത്തിയെങ്കിലും ഇത് കണ്ട് രാഹുൽ ഇവരെ തടയുകയും നായയെ സംരക്ഷിക്കുകയും ചെയ്തു. ഇതോടെ സംഘം രാഹുലിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യമായി നായയെ ആവശ്യപ്പെടുകയായിരുന്നു.