ഒരു സ്‌കൂള്‍ മൊത്തത്തിൽ മോഷ്ടിച്ച് കള്ളന്‍മാര്‍; ബാക്കി വെച്ചത് തറ മാത്രം!

കേപ് ടൗൺ: ബാങ്ക് കൊള്ളയടിക്കുന്നത് മുതൽ പോക്കറ്റ് അടിക്കുന്നത് വരെ, പല തരം മോഷണ വാർത്തകൾ കേൾക്കാറുണ്ട്. പണം, സ്വർണം, വാഹനങ്ങൾ തുടങ്ങി മറ്റ് പല വസ്തുക്കളും മോഷ്ടിക്കപ്പെടുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ വ്യത്യസ്തമായ ഒരു മോഷണം നടന്നു.

ഒരു കൂട്ടം മോഷ്ടാക്കൾ ഒരു വലിയ സ്കൂൾ കെട്ടിടം മൊത്തത്തിൽ മോഷ്ടിച്ചു. 2019ൽ, വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെത്തുടർന്ന് അടച്ചുപൂട്ടിയ കേപ് ടൗണിലെ യുറ്റ്‌സിഗ് സെക്കൻഡറി സ്കൂളാണ് മോഷ്ടാക്കൾ മോഷ്ടിച്ച് ഇല്ലാതാക്കിയത്. ഇവർ കെട്ടിടത്തിന്‍റെ ഓരോ ഭാഗവും ഘട്ടം ഘട്ടമായി പൊളിച്ച് കടത്തുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ തറ മാത്രമാണ് ഇവിടെ അവശേഷിച്ചത്.

ഇഷ്ടികകൾ, ജനാലകൾ, വാതിലുകൾ, എന്നിവയെല്ലാം ഇവർ പൊളിച്ച് മാറ്റി. സ്കൂളിലെ ടോയ്‌ലറ്റ് പോലും ഇവർ അവശേഷിപ്പിച്ചില്ല. ഇതോടൊപ്പം വയറുകൾ, ബ്ലാക്ക്ബോർഡുകൾ, ഇലക്ട്രിക് സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം മോഷ്ടിച്ചു.