റോഡ് വാടകയ്ക്കു നൽകിയ കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് അനധികൃതമായി റോഡ് വാടകയ്ക്കുനല്‍കിയ കരാർ റദ്ദാക്കി തിരുവനന്തപുരം കോർപ്പറേഷൻ. ഹോട്ടൽ ഉടമ കരാർ ലംഘിച്ചു എന്നാരോപിച്ചാണ് അനുമതി റദ്ദാക്കിയത്. എന്നാൽ ട്രാഫിക് ഉപദേശക സമിതിക്കോ കോർപ്പറേഷനോ ഇത്തരമൊരു കരാർ ഉണ്ടാക്കാൻ അധികാരമില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്.

കരാർ നൽകിയതിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് വാടകയ്ക്ക് നൽകിയത് സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസും റിപ്പോർട്ട് തേടിയിരുന്നു. ഹോട്ടലിന് പാർക്കിംഗിനായി സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൊതുമരാമത്ത് റോഡ്സ് വകുപ്പ് ചീഫ് എൻജിനീയർ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് കൈമാറി.

റോഡ് വാടകയ്ക്കു നല്‍കിയ ഭാഗത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നുണ്ടോ എന്ന് പരിശോധിക്കാൻ കോർപ്പറേഷന്‍റെ എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി. കരാർ ലംഘനം ഉണ്ടായതിനാൽ കരാർ റദ്ദാക്കാൻ എഞ്ചിനീയറിംഗ് വിഭാഗം ശുപാർശ ചെയ്തിരുന്നു.