തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവർ നൽകിയ കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചത്. അഴിമതിയുണ്ടോയെന്ന് പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്.
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കോർപ്പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്ക് പാർട്ടി പ്രവർത്തകരെ നിയമിക്കാനുള്ള പട്ടിക ആവശ്യപ്പെട്ട് ആര്യ രാജേന്ദ്രനും എസ്.എ.ടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ട് ഡി.ആർ.അനിലും കത്ത് നൽകിയെന്നാണ് ആരോപണം.
മേയറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ നടന്ന 1000 താൽക്കാലിക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ജി എസ് ശ്രീകുമാർ വിജിലൻസിന് പരാതി നൽകിയിരുന്നു. പിൻവാതിൽ നിയമനങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താനുള്ള ശ്രമമാണ് കത്തിലൂടെ പുറത്തായതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.