തിരുവനന്തപുരം നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിനു നാളെ തുടക്കം.തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് ആറിനു നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാളെ (21-12-2022) വൈകിട്ട് 3 മണി മുതൽ കനകക്കുന്ന്, നിശാഗന്ധി, സൂര്യകാന്തി എന്നിവിടങ്ങളിലെ പുഷ്പോത്സവ പ്രദർശനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആൾക്കൂട്ടം ഒഴിവാക്കാൻ നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
കനകക്കുന്നിനു മുന്‍വശം, മ്യൂസിയത്തിനെതിര്‍വശത്തുള്ള ടൂറിസം ഓഫിസ്, ജവഹര്‍ ബാലഭവനു മുന്‍വശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, വഴുതക്കാട് ടാഗോര്‍ തിയെറ്റര്‍ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിൻ്റെ ഭാഗമായുള്ള പ്രദര്‍ശനം രാത്രി ഒരു മണിവരെ നീണ്ടു നില്‍ക്കും. രാത്രി 12 മണിവരെ പ്രദര്‍ശനം കാണാനുള്ള ടിക്കറ്റുകള്‍ ലഭ്യമാകും.