‘ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കേസ് തെളിയിക്കപ്പെടില്ല’

കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിലെ മുഖ്യപ്രതിയായ സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയത് ഇതിന്റെ തുടർച്ചയാണ്. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്നിടത്തോളം കാലം കേസ് തെളിയിക്കപ്പെടില്ല. സംരക്ഷണ കവചം ഉപേക്ഷിച്ച് അന്വേഷണവുമായി സഹകരിക്കണമെന്ന് കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.

കേസ് അട്ടിമറിക്കാൻ നേരത്തെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നിരുന്നു. കേസ് അട്ടിമറിക്കാൻ സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പിറ്റേന്ന് വിജിലൻസ് പ്രതികളെ തട്ടിക്കൊണ്ടു പോയോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. അസാധാരണമായ ഒരു സംഭവമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വളരെ ഗൗരവമേറിയ ഒരു പ്രസ്താവനയാണ് പുറത്തുവന്നിരിക്കുന്നത്.

ഇതിലും വലിയ എന്തോ ഒന്ന് പുറത്തുവരാനുണ്ടെന്ന് മൊഴി നൽകിയ വ്യക്തി പറഞ്ഞു. അന്വേഷണം നേരിടുമെന്ന് പറയാൻ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്? മടിയിൽ ഭാരമില്ലാത്തതിനാൽ വഴിയിൽ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകൾ തുറന്ന് പറയണം. വിദേശ സന്ദർശന വേളയിൽ ബാഗിൽ കറൻസി ഉണ്ടായിരുന്നതായി സ്വപ്ന പറഞ്ഞു. രണ്ട് വർഷം മുൻ പ് ബി.ജെ.പി ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. അന്ന് എല്ലാവരും പറഞ്ഞത് ഇതൊരു രാഷ്ട്രീയ ആരോപണമാണെന്നാണ്. ബി.ജെ.പി പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.