‘ഇത് ജീവിതത്തിനായുള്ള പോരാട്ടം’:ഷിൻഡെ സർക്കാരിനെതിരെ സമരവുമായി ആദിത്യ

മുംബൈ: അധികാരം നഷ്ടപ്പെട്ടതിന് പിന്നിലെ മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിനെതിരെ ശിവസേന നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മുംബൈ മെട്രോ ലൈൻ -3 കാർഷെഡ് ആരെ കോളനി വനമേഖലയിൽ ഉൾപ്പെടുത്താനുളള സർക്കാർ നീക്കത്തിനെതിരെയായിരുന്നു ആദിത്യയുടെ പ്രതിഷേധം. യുവാക്കൾ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ അണിചേർന്നു.

“ഇത് മുംബൈക്ക് വേണ്ടിയുള്ള പോരാട്ടമാണ്, ജീവിത പോരാട്ടമാണ്. നമ്മുടെ വനങ്ങളെയും ഗോത്രസമൂഹങ്ങളെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഞങ്ങളോടുള്ള രോഷം സർക്കാർ മുംബൈയോട് പ്രകടിപ്പിക്കരുത്. വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് മുന്നിലുള്ളത്. മനുഷ്യന്‍റെ അത്യാഗ്രഹവും അനുകമ്പയുടെ അഭാവവും നഗരത്തിന്‍റെ ജൈവവൈവിധ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്.” ആദിത്യ പറഞ്ഞു.

മെട്രോ കാർ ഷെഡ് മുംബൈയിൽ നിലനിർത്തണമെന്നും വനത്തെ ബാധിക്കരുതെന്നും നേരത്തെയും ആദിത്യ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിഷേധക്കാർ പ്രതിഷേധിച്ചത്. 2018 ൽ ആസൂത്രണം ചെയ്തതുപോലെ കാഞ്ചുൻമാർഗിലോ പഹാഡി ഗോരേഗാവിലോ കാർഷെഡ് സ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.