ഇത് കാണേണ്ട സിനിമ: ‘ഈശോ’യെ പ്രശംസിച്ച് പി സി ജോര്‍ജ്

പ്രഖ്യാപന വേള മുതൽ വിവാദത്തിലായ ജയസൂര്യയുടെ ചിത്രമാണ് ‘ഈശോ’. സിനിമയുടെ പേരായിരുന്നു ഇതിന് കാരണം. സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജും രംഗത്തെത്തിയിരുന്നു. ‘ഈശോ’ എന്ന പേരിൽ ചിത്രം റിലീസ് ചെയ്താൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ഈശോ റിലീസ് ചെയ്തത്. സോണി ലിവിലൂടെ ഡയറക്ട് ഒടിടി ആയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ കണ്ടതിന് പിന്നാലെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. 

“‘ഈശോ’ എന്ന സിനിമയിൽ തുടക്കം മുതൽ ഏറെ തർക്കമുള്ള വ്യക്തിയായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. എന്നാൽ സിനിമ കണ്ട് തീരുമാനം പറയാനായിരുന്നു നാദിർഷ പറഞ്ഞത്. അന്ന് നാദിർഷ പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് ഇന്ന് സിനിമ കണ്ടപ്പോൾ മനസിലായി”, പിസി ജോർജ് പറഞ്ഞു. 

ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിത്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ചിത്രത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങൾ വളരെ വ്യക്തമായി ചിത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. ചില കുശുമ്പന്മാര്‍ ആണ് തന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പി സി ജോർജ് പറഞ്ഞു.