തൊടുപുഴ ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തനത്തിന് എൻ.ഡി.ആർ.എഫ് സംഘമെത്തും

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കുടയത്തൂർ ജംഗ്ഷനിലെ മാളിയേക്കൽ കോളനിക്ക് മുകളിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായത്.

മാളിയേക്കൽ കോളനിയിലെ ചിറ്റാടിക്കൽ സോമന്‍റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടലിൽ ഇവരുടെ വീട് പൂർണ്ണമായും തകർന്നു. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ പെട്ടത്. തങ്കമ്മ (74), മകൾ ഷിമ (25), കൊച്ചുമകൻ ദേവാനന്ദ് (5) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കാണാതായ സോമനും ഭാര്യ ഷിജിക്കും വേണ്ടി തിരച്ചിൽ തുടരുകയാണ്.

ഉരുൾപൊട്ടലിൽ സോമെന്‍റിന്‍റെ വീട് ഒലിച്ചുപോയി. പ്രദേശത്തെ റോഡുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി. ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫ് സംഘം കുടയത്തൂരിലെത്തും. തൃശൂരിൽ നിന്നുള്ള സംഘം തൊടുപുഴയിലെത്തും. റോഡുകൾ തകർന്നതിനാൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ വൈകി.