75 പിന്നിട്ടവര്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവായി

ഹൈദരാബാദ്: ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് പ്രായപരിധി 75 വയസ് എന്നുള്ള ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കളെ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. ഡി രാജ സെക്രട്ടറിയായി തുടരും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവരും ഒഴിവായി.

പുതിയ മുഖങ്ങള്‍ക്ക് ദേശീയ കൗണ്‍സിലില്‍ അവസരം നല്‍കുന്നതിനാണ് താന്‍ ഒഴിയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു. കേരളത്തില്‍നിന്ന് 8 പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തും. സംസ്ഥാനത്തിനുള്ള ദേശീയ കൗണ്‍സില്‍ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് എത്തും.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.