അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് കോൺഗ്രസിന്‍റെ ഇലക്ഷൻ അതോറിറ്റിയും വ്യക്തമാക്കി. രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാട്ടുന്നതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ പ്രഖ്യാപനം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അതോറിറ്റി ചെയർമാൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.

വോട്ടർമാർക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. പാർട്ടിയിൽ ഔദ്യോഗിക പദവികൾ വഹിക്കുന്നവരും അനുബന്ധ സംഘടനകൾക്ക് നേതൃത്വം നൽകുന്നവരും സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തണമെങ്കിൽ രാജിവയ്ക്കണം. ഓഫീസിൽ ഇരിക്കുമ്പോൾ ഒരു തരത്തിലുള്ള പ്രചാരണവും അനുവദനീയമല്ലെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.