‘വിദേശത്തുനിന്നും വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്‌സിനെടുക്കാം’

തിരുവനന്തപുരം: വിദേശത്ത് നിന്ന് വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ മുൻകരുതൽ ഡോസായോ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വിദേശത്ത് ലഭ്യമായ ഒന്നോ രണ്ടോ ഡോസ് വാക്സിൻ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികൾക്ക് ഇവിടെ ഒരേ വാക്സിൻ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം സംസ്ഥാനമുൾപ്പെടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതിനനുസൃതമായ ക്രമീകരണങ്ങളാണ് സംസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്. ഇത് ധാരാളം പ്രവാസികളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗപ്രതിരോധത്തിനുള്ള സാങ്കേതിക ഉപദേശക സംഘത്തിന്‍റെ ശുപാർശ പ്രകാരമാണ് നടപടി. ഇതനുസരിച്ച്, ഭാഗികമായി വാക്സിനേഷൻ എടുത്ത ഇന്ത്യക്കാർക്കും വിദേശികൾക്കും കോവിഡ് -19 നെതിരായി ആഭ്യന്തരമായി ലഭ്യമായ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ മുൻകരുതൽ ഡോസ് എടുക്കാം. വിദേശത്ത് നിന്ന് വരുന്നവരുടെ വാക്സിനേഷനായി ആവശ്യമായ മാറ്റങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിനും 15 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിനും ലഭിക്കും.

12 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ എടുക്കാത്ത എല്ലാവരും വാക്സിൻ സ്വീകരിക്കണം. കോവിഡ് വാക്സിന്‍റെ ഒന്നും രണ്ടും ഡോസുകൾ സമയബന്ധിതമായി എടുത്താൽ മാത്രമേ ശരിയായ രോഗപ്രതിരോധ ശേഷി ലഭിക്കൂ. 18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുത്ത് 6 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാം. പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങൾക്കോ വിദേശത്ത് പോകുന്നവർക്ക് 90 ദിവസത്തിന് ശേഷവും കരുതൽ ഡോസ് എടുക്കാം. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസ് സർക്കാർ കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമാണ്. വാക്സിന്‍റെ സൗജന്യ കരുതൽ ഡോസ് സെപ്റ്റംബർ അവസാനം വരെ മാത്രമേ ലഭ്യമാകൂ.