ഖത്തറിലേക്ക് പോകുന്നവര്‍ സൗദിയും സന്ദര്‍ശിക്കണമെന്ന് ലയണല്‍ മെസ്സി

റിയാദ്: ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് പോകുന്നവർ സൗദി അറേബ്യ സന്ദർശിക്കണമെന്ന് ഫുട്ബോൾ താരം ലയണൽ മെസി. നേരത്തെ ജിദ്ദ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം സഹിതമാണ് മെസി സൗദി അറേബ്യ സന്ദർശിക്കാൻ ആഹ്വാനം ചെയ്തത്. ലോകകപ്പ് കാണാന്‍ വരുന്നുണ്ടെങ്കില്‍, തനത് അറേബ്യന്‍ അനുഭവം അഗ്രഹിക്കുന്നുണ്ടെങ്കില്‍ സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള അവസരം പാഴാക്കരുതെന്നാണ് മെസ്സിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ളത്.

നിലവില്‍ സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. മെസിയെ ടൂറിസം ബ്രാന്‍ഡ് അംബാസഡറായി ഇക്കഴിഞ്ഞ മേയ് പത്തിനാണ് സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖാത്തിബ് പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 കാണാൻ വരുന്നവർക്ക് അയല്‍ രാജ്യമായ സൗദി കൂടി സന്ദർശിക്കാൻ അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

ഫിഫ ലോകകപ്പിന്റെ ഭാഗമായി ഖത്തർ അനുവദിച്ച ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബോൾ പ്രേമികൾക്കാണ് സൗദിയിൽ രണ്ടുമാസം തങ്ങാനുള്ള വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്.