ഓണാവധിക്ക് വീടുപൂട്ടി പോകുന്നവർ കേരള പൊലീസിനെ ആപ്പിലൂടെ അറിയിക്കണം

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്ര ചെയ്യുന്നവർ പൊലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണമെന്ന് കേരളാ പോലീസിന്റെ അറിയിപ്പ്. സംസ്ഥാന പോലീസ് മീഡിയ സെന്ററാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഓണാവധിക്കാലത്ത് വീടുപൂട്ടി യാത്ര ചെയ്യുന്നവർ ഇക്കാര്യം പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പൊലീസിനെ അറിയിച്ചാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകും. ഇത്തരം വീടുകൾക്ക് സമീപം പൊലീസിന്റെ സുരക്ഷയും പട്രോളിംഗും ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.

കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, വിവരങ്ങൾ നൽകുന്നതിന് മോർ സർവീസസ് വിഭാഗത്തിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ ലിങ്കിൽ ക്ലിക്കുചെയ്യാം. നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പട്രോളിംഗും സുരക്ഷയും ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കും. 2020 ൽ പ്രാബല്യത്തിൽ വന്ന ഈ സംവിധാനം ഇതുവരെ 2,945 പേർ ഉപയോഗിച്ചു. കണ്ണൂർ ജില്ലയിൽ 450 പേർ വീട് പൂട്ടിയിട്ടുള്ള യാത്രയെ കുറിച്ച് അറിയിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ 394 പേരും എറണാകുളം ജില്ലയിൽ 285 പേരും ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഓണാവധിക്കാലത്തെ മോഷണം തടയാനാണ് പൊലീസിന്റെ ഈ സുരക്ഷാ സംവിധാനം.