റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടിവരരുത്: ഹൈക്കോടതി 

കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡിലിറങ്ങുന്നവർ ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം, സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാർ മറുപടി നല്കി. ആലുവ-പെരുമ്പാവൂർ റോഡ് തകർന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. റോഡിന്‍റെ ചുമതലയുള്ള സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് എഞ്ചിനീയർമാർ കോടതിയിൽ ഹാജരായി സ്ഥിതിഗതികൾ വിശദീകരിച്ചു.

കാലവർഷം ആരംഭിച്ചതിന് ശേഷമാണ് റോഡ് തകരാൻ തുടങ്ങിയതെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയർ കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഈ റോഡിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങിയത്. അപ്പോള്‍ തന്നെ, അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോർഡിന് കൈമാറിയ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ നിരത്തു വകുപ്പിന് മറ്റ് നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ലെന്ന് ചീഫ് എഞ്ചിനീയർ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇതേതുടർന്ന് ആലുവ-പെരുമ്പാവൂർ റോഡ് തകരാൻ തുടങ്ങിയതായി ചീഫ് എഞ്ചിനീയറെ അറിയിച്ചതായി സൂപ്രണ്ടിംഗ് എൻജിനീയറും മറ്റ് എഞ്ചിനീയർമാരും കോടതിയെ അറിയിച്ചു.

ഇതോടെ കോടതിയിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. കുഞ്ഞുമുഹമ്മദ് എന്ന യാത്രക്കാരനാണ് ഈ റോഡിൽ വീണ് മരിച്ചത്. ഒഴിവാക്കാവുന്ന ഒരു അപകടമായിരുന്നു അത്. കീഴുദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടും ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വസ്തുതയെ കോടതി രൂക്ഷമായി വിമർശിച്ചു.