ആയുര്‍വേദ കോളേജില്‍ നടന്ന ബിരുദദാനത്തിൽ പരീക്ഷ പാസാകാത്തവരും; അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ
തിരുവനന്തപുരം: പരീക്ഷ പാസാകാത്തവരും ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് ആയുർവേദ കോളേജ് പ്രിൻസിപ്പൽ. പരിപാടി സംഘടിപ്പിച്ച ഹൗസ് സർജൻസ് അസോസിയേഷനോട് പ്രിൻസിപ്പൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ചടങ്ങിൽ പങ്കെടുത്ത 65 പേരിൽ ഏഴുപേർ രണ്ടാം വർഷ പരീക്ഷ പോലും പാസായിട്ടില്ലെന്നാണ് ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ ഹൗസ് സർജൻസ് അസോസിയേഷനാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിച്ചത്. ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹൻ കുന്നുമ്മൽ ചടങ്ങിൽ പങ്കെടുത്തു.
പരീക്ഷകള്‍ പാസായി ഹൗസ് സര്‍ജന്‍സിയടക്കമുള്ളവ അഞ്ചര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയവർക്കാണ് ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. രണ്ടാം വർഷ പരീക്ഷ പോലും പാസാകാത്ത ഏഴ് പേർ ഇതിൽ പങ്കെടുത്തുവെന്നാണ് ആരോപണം. പരീക്ഷ പാസാകാത്തവർ അടക്കം ഗൗണ്‍ അണിയുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തുവെന്നാണ് പരാതി.