’52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്’
ന്യൂഡല്‍ഹി: ത്രിവർണ്ണ പതാകയെ പതിറ്റാണ്ടുകളോളം അപമാനിച്ചവരാണ് ഇപ്പോൾ ‘ത്രിരംഗ’ പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിലെ ത്രിവർണ പതാക നിർമ്മിക്കുന്ന ഖാദി വില്ലേജ് സെന്‍റർ സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് രാഹുലിന്റെ പ്രതികരണം.
“ഈ ത്രിവര്‍ണ പതാക എക്കാലവും ഉയർന്ന് കാണാൻ ലക്ഷക്കണക്കിന് പൗരന്മാരാണ് സ്വന്തം ജീവിതം പോലും ത്യജിച്ചത്. എന്നാല്‍ ഒരു സംഘടന മാത്രം എല്ലാക്കാലത്തും ഈ പതാകയെ അംഗീകരിക്കാന്‍ മടിച്ചു. അവര്‍ നാഗ്പുരിലെ ആസ്ഥാനത്ത് 52 കൊല്ലം ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല പതാകയെ പതിവായി അപമാനിക്കുകയും ചെയ്തുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ആര്‍എസ്എസിനെ, ദേശവിരുദ്ധ സംഘടന എന്നാണ് രാഹുല്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 2 മുതൽ 15 വരെ ത്രിവർണപതാക സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ‘മൻ കീ ബാത്തി’ലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളിൽ ത്രിവർണപതാക ഉയർത്താനും പ്രധാനമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.