പാർട്ടി വിടുന്നവർ 2 തരക്കാർ; ഹി‌മന്ത ബിശ്വ രണ്ടാമത്തെ വിഭാഗത്തിലെന്ന് ജയറാം രമേശ്

കൊല്ലം: രണ്ട് തരം ആളുകളാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പാർട്ടിയിൽ നിന്ന് എല്ലാം ലഭിച്ചവരാണ് ആദ്യ പട്ടികയിലുള്ളത്. ഇതിന് ഉദാഹരണമായി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്‍റെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് മുതൽ പിസിസി പ്രസിഡന്‍റ് സ്ഥാനം വരെ പദവികൾ അദ്ദേഹത്തിന് ലഭിച്ചു. കോണ്‍ഗ്രസിൽ നിന്ന് എല്ലാം നേടിയവരാണു പിന്നീട് പാർട്ടിയെ വിട്ടിട്ടു പോവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രണ്ടാമത്തെ പട്ടികയിലുള്ളവർ അന്വേഷണ ഏജൻസികളെ ഭയപ്പെടുന്നു. അവർ നേരെ പോയി ബി.ജെ.പിയിൽ ചേരും. ആ നിമിഷം മുതൽ അവർ ശുദ്ധിയുള്ളവരായിരിക്കും. അസം മുഖ്യമന്ത്രിയെ തന്നെ നോക്കൂ, അദ്ദേഹം ഒരു വലിയ ഉദാഹരണമാണ്. അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഇല്ല. എന്നാൽ അദ്ദേഹം കോൺഗ്രസിലായിരുന്നപ്പോൾ ബി.ജെ.പി അദ്ദേഹത്തെ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയായതോടെ ബിജെപി പൂർണമായും നിശബ്ദരായിരിക്കുകയാണ്.

ഗോവയിൽ പാർട്ടി വിട്ട എട്ട് എംഎൽഎമാരും രണ്ടാമത്തെ പട്ടികയിലുണ്ട്. എനിക്കറിയാവുന്ന ഏറ്റവും അഴിമതിക്കാരായ ആളുകളാണ് അവർ. പാർട്ടിയിലേക്ക് അവരെ എടുത്തത് കോൺഗ്രസ് ചെയ്ത തെറ്റാണ്. ഇപ്പോൾ അവർ ബിജെപിയുടെ വാഷിങ് മെഷീനിലേക്ക് കയറിയതോടെ എന്റെ കുർത്തയേക്കാൾ വെളുത്ത് ഇറങ്ങിവരും. ആളുകൾ പോകും. എന്നാൽ പോകുന്ന ആളുകൾക്ക് പകരം, 20-30 ചെറുപ്പക്കാർ വരും. വലിയ പേരുകാർ പോകുന്നതിൽ പേടിയില്ല. എത്രയും പെട്ടെന്നു പോകുന്നുവോ അത്രയും നല്ലത്,” ജയറാം രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.