പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാന്റോസില്‍ ആയിരങ്ങൾ; സംസ്കാരം ചൊവ്വാഴ്ച

സാവോപൗലോ: പെലെ നിത്യനിദ്രയിലേക്ക്. അതിരുകളില്ലാതെ ഫുട്ബോൾ പടര്‍ത്തിയ, കളിയുടെ ആഹ്ലാദം അതിരുകളില്ലാതെ പകര്‍ന്ന ഇതിഹാസ കളിക്കാരന്‍റെ ചേതനയറ്റ ശരീരം സാന്‍റോസിലെ വിലാ ബെൽമിറോ സ്റ്റേഡിയത്തിന് നടുവിൽ കിടക്കുമ്പോൾ ചുറ്റും നിശ്ശബ്ദതയും കണ്ണീരും പ്രാർത്ഥനകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച, പെലെ തന്‍റെ പ്രിയപ്പെട്ട സാന്‍റോസിന്‍റെ മണ്ണിൽ നിത്യനിദ്ര പുൽകും. പെലെയുടെ ഓർമയിൽ ബ്രസീൽ ഇനിയും ജ്വലിക്കും.

82 കാരനായ പെലെ ഡിസംബർ 29നാണ് മരിച്ചത്. വൻകുടലിൽ അർബുദം കണ്ടെത്തിയ അദ്ദേഹത്തെ വൃക്കരോഗവും അലട്ടിയതോടെ സാവോപൗലോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സാവോ പോളോയിലെ ആശുപത്രിയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള സാന്‍റോസിലേക്ക് തിങ്കളാഴ്ചയാണ് പെലെയുടെ മൃതദേഹം എത്തിച്ചത്. 18 വർഷം പെലെ കളിച്ച സാന്‍റോസ് ക്ലബിന്‍റെ മൈതാനമായ വിലാ ബെൽമിറോ ഗ്രൗണ്ടിൽ എത്തിച്ച മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ വിശിഷ്ടാതിഥികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ ഒത്തുകൂടിയത്.