തുലാമാസ വാവിൽ തിരുനാവായയിൽ ബലിതർപ്പണം നടത്താൻ ആയിരങ്ങൾ എത്തിച്ചേർന്നു
തിരുനാവായ: പൂർവികർക്ക് ബലിതർപ്പണം നടത്താൻ നവാമുകുന്ദ ക്ഷേത്രത്തിന് മുന്നിലെ നിളാനദിക്കടവിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ഭക്തർ. കർക്കടകവാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ തുലാം മാസത്തിലാണ് ബലിതർപ്പണത്തിനായി ഇവിടെയെത്തുന്നത്. ബലിതർപ്പണത്തിനുള്ള എല്ലാ സൗകര്യങ്ങളും കർമികളും പരികർമികളും ചേർന്ന് കടവുകളിൽ ഒരുക്കിയിരുന്നു.
പുലർച്ചെ രണ്ട് മണിക്കാണ് ചടങ്ങുകൾ ആരംഭിച്ചത്. വാഹനങ്ങളും ജനക്കൂട്ടവും പൊലീസ് നിയന്ത്രിച്ചപ്പോൾ അഗ്നിശമന സേനയും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് പുഴയിൽ സുരക്ഷയൊരുക്കി. തർപ്പണത്തിന് ശേഷം നവാമുകുന്ദനെ വണങ്ങി ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ഭക്തർക്ക് പ്രഭാതഭക്ഷണവും ദേവസ്വം ഒരുക്കിയിരുന്നു.