ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ പ്രകോപിപ്പിച്ചു.

ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ചോദിച്ച മസ്ക്, അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ആപ്പിൾ വെറുക്കുന്നുണ്ടോയെന്നും ചോദിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നല്‍കുകയെന്ന പ്രഖ്യാപനത്തോടെ ആപ്പിൾ ആപ്പ് സ്റ്റോറിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ ആപ്പ് ഡെവലപ്പർമാർ ഈ നിയന്ത്രണങ്ങൾക്കെതിരെ വളരെക്കാലമായി പ്രതിഷേധിക്കുകയാണ്. ഇതിനുപുറമെ, ആപ്പ് സ്റ്റോർ വഴിയുള്ള പണമിടപാടുകൾക്ക് 30 ശതമാനം ഫീസ് ഈടാക്കുന്നതിനെതിരെയും വലിയ പ്രതിഷേധമുണ്ട്. ട്വിറ്ററിന്‍റെ പുതിയ ഉടമ മസ്കിന്‍റെ എൻട്രിയും ഇക്കൂട്ടത്തിലേക്കാണ്.