പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിഷയത്തിൽ രണ്ട് ദിവസം മുമ്പ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ആ മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

തത്തമംഗലം സ്വദേശി രഞ്ജിത്തിന്‍റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥ മൂലമാണെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.

ജൂലൈ രണ്ടിനാണ് ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. കുഞ്ഞ് മരിച്ചപ്പോഴും ഐശ്വര്യയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഐശ്വര്യയും മരിച്ചു. രക്തം ആവശ്യമാണെന്ന് പറഞ്ഞതിനാൽ തുടര്‍ന്ന് രക്തവും എത്തിച്ചു നല്‍കിയിരുന്നു. എന്നാൽ നാലാം തീയതി രാവിലെ ഐശ്വര്യ മരിച്ചു. ഇതേതുടർന്ന് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു.