നഗരസഭാ സെക്രട്ടറിയെ കാണാനില്ലെന്ന പരാതിയുമായി തൃക്കാക്കര ചെയര്‍പേഴ്‌സൺ

കാക്കനാട്: സെക്രട്ടറിയെ കാണാതായിട്ട് രണ്ട് ദിവസമായെന്നും അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനെതിരെ ചെയർപേഴ്സൺ നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടറേറ്റിൽ പരാതി നൽകി. സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉള്ളത്. സെക്രട്ടറിയുടെ പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

നീണ്ട അവധിക്ക് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സെക്രട്ടറി ജോലിയിൽ പ്രവേശിച്ചത്. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ മുന്നറിയിപ്പില്ലാതെ വീണ്ടും അവധിയിൽ പോകുന്നത് വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് യുഡിഎഫ് ഭരണസമിതിയും ചൂണ്ടിക്കാണിക്കുന്നു.

സെക്രട്ടറി നീണ്ട അവധി എടുക്കുമ്പോൾ, മുനിസിപ്പൽ അസി. എക്സിക്യുട്ടീവ് എൻജിനീയർക്കാണ് ചുമതല. താൽക്കാലിക ചുമതലയായതിനാൽ ബിൽ പാസാക്കുന്നതുൾപ്പെടെയുള്ള ജോലികൾ തടസ്സപ്പെടുകയാണെന്ന് അധികൃതർ പറയുന്നു. സെക്രട്ടറി പൂർണമായും അവധിയിൽ പ്രവേശിച്ചെങ്കിലും വാട്സ്ആപ്പിലൂടെ ഭരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് നേരത്തെ വിവാദം ഉയർന്നിരുന്നു.