തൃക്കാക്കര ബലാത്സംഗക്കേസ്; സി.ഐ സുനുവിന് അവധിയിൽ പോകാൻ നിർദേശം

കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസിൽ ആരോപണ വിധേയനായ സി.ഐ പി.ആർ സുനുവിനോട് അവധിയിൽ പോകാൻ ഡിജിപി നിർദേശം നൽകി. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തിരിച്ചെത്തി ജോലിക്ക് പ്രവേശിച്ചിരുന്നു. പീഡനക്കേസിലെ പ്രതിയായ സുനുവിനെ ഒരാഴ്ച മുമ്പാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ തെളിവുകളുടെ അഭാവത്തിൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.

ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ പി.ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കാൻ കഴിഞ്ഞ ദിവസം ഡി.ജി.പി നിർദേശം നൽകിയിരുന്നു. 15 തവണ വകുപ്പുതല അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്.

അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കാനാണ് ഡി.ജി.പിയുടെ നിർദേശം. സുനുവിനെ സേനയിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.