തൃശ്ശൂരിലെ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
തൃശ്ശൂര്‍: മരോട്ടിച്ചാലിലെ വല്ലൂര്‍ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
അക്ഷയ്, സാന്റോ എന്നിവരടക്കം മൂന്ന് പേർ രണ്ട് ബൈക്കുകളിലായി വെള്ളച്ചാട്ടത്തിലേക്ക് പോകുകയായിരുന്നു. അക്ഷയും സാന്റോയും പിന്നീട് വെള്ളത്തിലിറങ്ങുകയായിരുന്നു. മൂന്നാമൻ വെള്ളച്ചാട്ടത്തിന് പുറത്ത് ഫോട്ടോ എടുക്കാനും മറ്റും നിന്നു.
പ്രാഥമിക വിവരം അനുസരിച്ച് അക്ഷയ് കുമാറും സാന്റോയും ഒരു പാറയിടുക്കിനിടയില്‍ മുങ്ങിമരിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തു.