തെലങ്കാനയിൽ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയെന്ന് കെസിആർ

ഹൈദരാബാദ്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആരോപിച്ചു. തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും ഏജന്‍റുമാർ തുഷാറിനെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നാല് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനിടെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആർഎസ്) മൂന്ന് എംഎൽഎമാരെ കോടിക്കണക്കിന് രൂപയുമായി പോലീസ് പിടികൂടിയ സംഭവത്തെ പരാമർശിച്ച കെസിആർ, 100 കോടി രൂപ നൽകി നാല് എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പറഞ്ഞു.

തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച കെസിആർ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. പ്രത്യേക വാർത്താസമ്മേളനത്തിലാണ് കെസിആർ വീഡിയോ പുറത്തുവിട്ടത്. വീഡിയോ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ഉന്നത ജഡ്ജിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.