ടിഫിയ ബിജു, ടിഫിയ ഡേവിഡ് രാജു; പുതിയ ഇനം കടന്നലുകളെ കണ്ടെത്തി
കോഴിക്കോട്: ടിഫിഡെ കുടുംബത്തിൽ പെട്ട 10 പുതിയ ഇനം കടന്നലുകളെ ഇന്ത്യയിൽ ഗവേഷകർ കണ്ടെത്തി. ഇതിൽ 6 എണ്ണം കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളതാണ്. 3 എണ്ണം തമിഴ്നാട്ടിൽ നിന്നും ഒരെണ്ണം കർണാടകയിൽ നിന്നുമാണ് കണ്ടെത്തിയത്.
ഈ കടന്നലുകളുടെ ലാർവകൾ മണ്ണിൽ ജീവിക്കുന്ന വണ്ടുകളുടെ ലാർവകളിൽ മുട്ടയിട്ടുകൊണ്ട് ജീവിതചക്രം പൂർത്തിയാക്കുന്നു. ടിഫിയ ബിജു, ടിഫിയ ചരേഷി, ടിഫിയ ഡേവിഡ് രാജു, ടിഫിയ ഹയാലിന, ടിഫിയ കുറുംബ, ടിഫിയ നോവസ്, ടിഫിയ രാജീവാനി, ടിഫിയ സഹ്യാദ്രിയെൻസിസ്, ടിഫിയ ഷാജി, ടിഫിയ വെങ്കട്ട രമണി എന്നിവയാണ് പുതുതായി കണ്ടെത്തിയതും തരംതിരിച്ചതുമായ കടന്നലുകളുടെ ശാസ്ത്രീയ നാമങ്ങൾ.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ ഡോ. കെ. വെങ്കട്ടരാമൻ ശുദ്ധജല മത്സ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന സി.പി. ഷാജി, പക്ഷിനിരീക്ഷകൻ പി.സി.രാജീവൻ, വന്യജീവി ഫോട്ടോഗ്രാഫറും തുമ്പിനിരീക്ഷകനുമായ ഡേവിഡ് രാജു, ആറളം വന്യജീവി സങ്കേതത്തിലെ വാച്ചർ ടി.ബിജു. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പശ്ചിമഘട്ട മേഖലാ കേന്ദ്രത്തിൽ ലബോറട്ടറി അസിസ്റ്റന്‍റായി ജോലി ചെയ്തിരുന്ന സി. ചരേഷ് എന്നിവരോടുള്ള ആദര സൂചകമായാണ് ആറ് പുതിയ കടന്നലുകൾക്ക് അവരുടെ പേര് നൽകിയത്. വയനാട്ടിലെയും പാലക്കാട്ടെയും ആദിവാസി മേഖലകളിൽ നിന്ന് ലഭിച്ച പുതിയ ഇനം കടന്നലിന് കുറുംബർ ഗോത്രത്തോടുള്ള ആദരസൂചകമായി ഗോത്രത്തിന്‍റെ പേരാണ് നൽകിയത്.