മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ടിക്ടോക് ഉപയോഗിച്ചുവെന്ന് ചൈനീസ് ടെക് കമ്പനി

ചൈന: മാധ്യമ പ്രവർത്തകരെ നിരീക്ഷിക്കുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ചോർത്തിയതായി ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസ് സമ്മതിച്ചു. കമ്പനിയുടെ വിവരങ്ങൾ മാധ്യമങ്ങൾ ചോർത്തുന്നത് ആരുവഴിയാണെന്ന് കണ്ടുപിടിക്കുന്നതിനാണ് ടിക്‌ടോകിൽ നിന്നും വ്യക്തിഗത വിവരങ്ങൾ ചോർത്തിയതെന്ന് കമ്പനി വെളിപ്പെടുത്തി.

ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമാണെന്നും തങ്ങളുടെ സ്വകാര്യതാ നയങ്ങളിൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഒന്നും ഇല്ലെന്നും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളെ ടിക് ടോക് നേരത്തെ അറിയിച്ചിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎസ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി സർക്കാർ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും ഹാൻഡ്സെറ്റുകളിൽ ടിക് ടോക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.