നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ടിപ്പർ, ലോറി ബോഡികൾക്ക് അനുമതി നൽകരുത്: ഹൈക്കോടതി

തിരുവനന്തപുരം: വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച ട്രക്ക് ബോഡികൾ, ട്രക്ക് കാബിനുകൾ, ടിപ്പർ ബോഡികൾ എന്നിവ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

ക്യാബിൻ നിർമ്മിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന എഐഎസ് 093 ടൈപ്പ് അംഗീകാരവും എഐഎസ് 029 ടൈപ്പ് അംഗീകാരവും ആവശ്യമാണെങ്കിലും, സംസ്ഥാനത്തെ ചെറിയ വർക്ക് ഷോപ്പുകൾ എല്ലാ ദിവസവും നൂറുകണക്കിനു ട്രക്കുകളും ടിപ്പറുകളും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സുരക്ഷിതമല്ലാത്ത രീതിയിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ബോഡികൾ നിർമ്മിച്ച വാഹനങ്ങൾ അപകടത്തിൽ പെട്ടാൽ വലിയ ദുരന്തമുണ്ടാകും.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ ഒരാൾക്ക് കേന്ദ്ര ലൈസൻസ് ലഭിച്ചാൽ മറ്റ് ട്രക്ക്, ടിപ്പർ ബോഡി ബിൽഡർമാർ ഒരു വർഷത്തിനുള്ളിൽ ലൈസൻസ് നേടണമെന്ന് 2020 സെപ്റ്റംബർ 9 നു സംസ്ഥാന ഗതാഗത സെക്രട്ടറി ഉത്തരവിട്ടിരുന്നു. 2021 ൽ ഉത്തരവ് കാലാവധി കഴിഞ്ഞിട്ടും കേരളത്തിൽ ഇത്തരം അംഗീകാരമില്ലാത്ത ട്രക്ക്, ടിപ്പർ ബോഡി ബിൽഡിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു.