വർക്ക്‌ഷോപ്പിൽ കയറി മടുത്തു; സ്വന്തം വാഹനത്തിന് തീയിട്ട് ഉടമ

ജോധ്പൂർ: ഒരുപാട് ആഗ്രഹിച്ച് വാങ്ങിയ വണ്ടി സ്ഥിരം വർക്ക്‌ഷോപ്പിൽ ആണെങ്കിൽ ആർക്കായാലും ദേഷ്യം വരും. സർവീസ് സെന്‍ററിൽ കയറി മടുത്താൽ, വാഹനത്തിന് തീയിടുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചേക്കാം. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ ഒരാൾ ഈ ആശയം പ്രാവർത്തികമാക്കിയിരിക്കുകയാണ്.

രണ്ട് വർഷം മുമ്പ് വാങ്ങിയ എസ്‍യുവിക്ക് സ്ഥിരമായി തകരാറുകൾ സംഭവിക്കുന്നതാണ് പ്രശ്നമായത്. നിരവധി തവണ ഷോറൂമിൽ എത്തിച്ചെങ്കിലും തകരാർ പരിഹരിച്ചില്ല. ഇതേതുടർന്ന് കഴിഞ്ഞ ദിവസം സർവീസ് സെന്‍ററിലെത്തി ജീവനക്കാരുമായി തർക്കിച്ച ശേഷം ഉടമ പെട്രോൾ ഒഴിച്ച് വാഹനത്തിന് തീയിടുകയായിരുന്നു.

ജീവനക്കാർ തീ വേഗത്തിൽ അണച്ചു. ഇതിനിടെ സർവീസ് സെന്‍ററിലെ ജീവനക്കാരിൽ ഒരാളുടെ ശരീരത്തിലേക്ക് തീ പടരുകയും ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് കാർ ഉടമയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.