ടൈറ്റാനിയം ജോലി തട്ടിപ്പ്; ദിവ്യ നായരുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ അറസ്റ്റിൽ. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിലെത്തിയാണ് ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയിരുന്നത് ദിവ്യയായിരുന്നു.
ടൈറ്റാനിയത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ മാസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പൊലീസ് കരുതുന്നത്. ടൈറ്റാനിയം എജിഎം ശശി കുമാരൻ തമ്പിക്ക് തട്ടിപ്പിൽ നിർണായക പങ്കുണ്ട്. മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാം ലാലും ടൈറ്റാനിയത്തിലേക്ക് കൊണ്ടുവരുന്ന ഉദ്യോഗാർത്ഥികളുമായി എജിഎം ശശികുമാരൻ തമ്പിയാണ് അഭിമുഖം നടത്തുന്നത്. പകുതി പണം ഇന്‍റര്‍വ്യൂവിന് മുമ്പും ബാക്കി പണം ഇന്‍റര്‍വ്യൂവിന് ശേഷവും വാങ്ങിയാണ് തട്ടിപ്പ്.
ടൈറ്റാനിയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് അഭിമുഖം നടത്തിയതെന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക് സംശയം തോന്നിയില്ല. ശശി കുമാരൻ തമ്പിക്കെതിരെ കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിച്ചു വരികയാണ്. ഒക്ടോബർ ആറിന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കന്‍റോൺമെന്‍റ് പൊലീസ് ഒരു നടപടിയും സ്വീകരിക്കാതെ കേസ് പൂഴ്ത്തുകയായിരുന്നു. പരാതിയുമായി മുന്നോട്ട് വന്ന അഞ്ചുപേരിൽ ഒരാളുടെയും പരാതി സ്വീകരിച്ചുമില്ല. ആദ്യ പരാതിക്കാരി നൽകിയ ചെക്കും പ്രോമിസറി കുറിപ്പും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പൊലീസ് മറച്ചുവച്ചതായും ആരോപണമുണ്ട്.