ടൈറ്റാനിയം ജോലി തട്ടിപ്പ്; ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളെ ടൈറ്റാനിയത്തിലേക്ക് എത്തിച്ച് ഇന്‍റർവ്യൂ നടത്തിയ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോൺമെന്‍റ്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചാം പ്രതിയാണ് ശശികുമാരൻ തമ്പി. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലക്കാരിയുമായ ദിവ്യ നായരെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ശശികുമാരൻ തമ്പി ഉൾപ്പെടെ കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്.

ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോഗാർത്ഥിയുടെ പരാതിയിൽ വെഞ്ഞാറമൂട് പൊലീസ് കഴിഞ്ഞ മാസം എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വാർത്ത പുറത്തായതോടെ കൂടുതൽ പേർ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പോലീസ് കരുതുന്നത്.  ടൈറ്റാനിയം എജിഎം ശശികുമാരൻ തമ്പിക്ക് അഴിമതിയിൽ നിർണായക പങ്കുണ്ട്. 

തട്ടിപ്പിനിരയായവരുടെ പക്കൽ നിന്നും പണം വാങ്ങിയ ദിവ്യ നായരെ ഇന്നലെ രാവിലെയാണ് വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് അപേക്ഷ നൽകിയവരിൽ നിന്ന് പണം കൈപ്പറ്റിയത് ദിവ്യയാണ്. കേസിലെ മറ്റൊരു പ്രതിയായ ദിവ്യ നായരുടെ ഭർത്താവ് രാജേഷ് ഇന്നലെ രാത്രിയാണ് രക്ഷപ്പെട്ടത്.