കേന്ദ്രസർക്കാരിന് അഗ്നിപഥ് ഉപേക്ഷിക്കേണ്ടി വരും: രാഹുൽ ഗാന്ധി

ന്യുഡൽഹി : കേന്ദ്രസർക്കാരിന് കാർഷിക നിയമങ്ങൾ പോലെ അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടിവരുമെന്നും, കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ ജയ് ജവാൻ, ജയ് കിസാൻ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

“അഗ്നിപഥ് – യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജിഎസ്ടി – വ്യാപാരികൾ നിരസിച്ചു” എന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ‘സുഹൃത്തുക്കളുടെ’ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാത്തതിനാൽ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ കേന്ദ്രം അൽപം അയഞ്ഞിട്ടുണ്ട്. അഗ്നിവീർ പദ്ധതിയിലൂടെ സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഴിവുകളുടെ 10 ശതമാനം അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം ഏർപ്പെടുത്തും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.