‘എസ്.എഫ്.ഐ.യെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷം’

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടിക്കെതിരെ വിമർശനവുമായി സി.പി.ഐ നേതാക്കൾ. ജനാധിപത്യത്തിന് യോജിച്ചതായിരുന്നില്ല പ്രതിഷേധത്തിന്റെ മാതൃകയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. എസ്.എഫ്.ഐയെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ പ്രതികരണം.

പാർട്ടി ഓഫീസുകൾ പൊളിക്കുകയല്ല രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തെ രാജ്യത്തെ മുഴുവൻ ജനങ്ങളും അപലപിക്കുന്നു. രാഹുൽ ഗാന്ധിയുടെ കൈയിലിരിപ്പ് കൊണ്ടാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. അതിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

എം.പി എന്ന നിലയിൽ അദ്ദേഹത്തിന് പരാജയങ്ങളുണ്ടാകും. ഒരു ദേശീയ നേതാവ് ജയിച്ചാൽ ഒരു സാധാരണ മനുഷ്യനെപ്പോലെ അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.