കസ്റ്റഡിയിലിരിക്കെ SFI സെക്രട്ടറിക്ക് സ്വീകരണം; മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടി

കൊച്ചി: പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. സംഭവത്തിൽ മൂന്ന് പോലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കമ്മീഷണർ അറിയിച്ചു.

പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നേതാവിന് സ്വീകരണം ഒരുക്കിയതിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്കാണ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ജയിലിൽ പോകുന്നതിന് മുമ്പ് പ്രവർത്തകർ സംസ്ഥാന സെക്രട്ടറിയെ മാലയും മുദ്രാവാക്യം വിളികളുമായി ജയിലിലേക്ക് അയച്ചു. ഇതെല്ലാം പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു.