ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം

ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. ആണവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ് ഹിരോഷിമ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 1945 ഓഗസ്റ്റ് 6നാണ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് സ്ഫോടനം നടത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയുടെ 13 29 ബോംബർ വിമാനംനടത്തിയ മനുഷ്യത്വരഹിതമായ പ്രവർത്തിയിൽ ഹിരോഷിമയുടെ 95 ശതമാനവും തുടച്ചുനീക്കപ്പെട്ടു.

50,000 ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 37,000 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇപ്പോഴും ആണവവിസ്ഫോടനത്തിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഹിരോഷിമയെ ചാരമാക്കി മാറ്റി മൂന്ന് ദിവസത്തിന് ശേഷം, നാഗസാക്കിയെയും അമേരിക്കൻ സൈനിക ശക്തി അഗ്നിക്കിരയാക്കി.

ചരിത്രത്തിലാദ്യമായി ഹിരോഷിമയിലാണ് മനുഷ്യനെ ലക്ഷ്യമാക്കി ആക്രമണം നടന്നത്. മനുഷ്യരാശി ഇനിയൊരിക്കലും അനുഭവിക്കരുതെന്ന് ലോകം മുഴുവൻ ആഗ്രഹിക്കുന്ന ഹിരോഷിമ നാഗസാക്കി ദുരന്തം ഇന്നും ചരിത്രത്തിലെ കറുത്ത ദിനമായി തുടരും.