ഇന്ന് ഖത്തർ ദേശീയ ദിനം; ദേശസ്നേഹത്തിന്‍റെ നിറവിൽ ജനങ്ങൾ

ദോഹ: ഇന്ന് ഖത്തർ ദേശീയ ദിനം. ‘ഐക്യമാണ് ശക്തിയുടെ ഉറവിടം’ എന്നതാണ് ഈ വർഷത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർ ഷോകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ. ലോകകപ്പിന്‍റെ അവസാന ദിനം കൂടിയായതിനാൽ ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങൾ ലോകശ്രദ്ധ ആകർഷിക്കും. അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ലോകകപ്പ് ജേതാക്കളുമായി ലുസൈൽ ബൊളിവാർഡിൽ പരേഡ് നടക്കും. ദേശീയ ദിനത്തിന്‍റെ ഭാഗമായുള്ള പ്രധാന എയർ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതൽ 3.35 വരെ ലുസൈൽ ബൊളിവാർഡിന്‍റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കത്താറ കൾച്ചറൽ വില്ലേജ്, എഡ്യൂക്കേഷൻ സിറ്റി ക്ലബ് ഹൗസ്, മാൾ ഓഫ് ഖത്തർ എന്നിവിടങ്ങളിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് കാർണിവൽ വേദിയായ കോർണിഷ് ഉൾപ്പെടെ രാജ്യമെങ്ങും അലങ്കാരങ്ങളാൽ സമ്പന്നമാണ്. ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക വേദിയായ ഉംസലാൽ മുഹമ്മദിലെ ദർബ് അൽ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും. 

ആധുനിക ഖത്തറിന്‍റെ ശിൽപിയായ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽതാനി 1878 ഡിസംബർ 18 ന് അധികാരമേറ്റതിന്‍റെയും ഐക്യരാഷ്ട്രസഭയുമായുള്ള ഖത്തറിന്‍റെ ഏകീകരണത്തിന്‍റെയും സ്മരണയ്ക്കായാണ് ഡിസംബർ 18 ദേശീയ ദിനമായി ആചരിക്കുന്നത്.