ഇന്ന് വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ നൂറാം ദിനം; പ്രതിഷേധം കടുപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൻ്റെ നൂറാം ദിനമാണ് ഇന്ന്. തിരുവനന്തപുരം ലത്തീൻ അതിരൂപത നൂറാം ദിവസം കരയിലും കടലിലും സമരം ശക്തമാക്കുകയാണ്. നൂറിലധികം മത്സ്യബന്ധന വള്ളങ്ങൾ കടലിൽ പ്രതിഷേധിക്കും.

മുല്ലൂർ, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ ഇന്ന് ബഹുജന കൺവെൻഷനുകളുണ്ട്. മുതലപ്പൊഴി പാലവും പ്രതിഷേധക്കാർ ഉപരോധിക്കും. ഇതോടെ തീരദേശ പാതയിലെ ഗതാഗതവും താറുമാറായേക്കും.

ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും തുടങ്ങി 7 ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ആരംഭിച്ചത്. ജൂലൈ 20നാണ് സമരം ആരംഭിച്ചത്. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖ നിർമ്മാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു.