ഇന്ന് ലോക മാനസികാരോഗ്യ ദിനം; മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും മുൻഗണന നൽകാം

ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനം. ലോകമെമ്പാടും മാനസികാരോഗ്യത്തിനും സുസ്ഥിതിക്കും മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഈ വർഷം ചർച്ച ചെയ്യുന്നത്. കൊവിഡ് മഹാമാരിയുടെ വരവ് ജനങ്ങളുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, കൊവിഡ് -19 ന് മുമ്പ്, 2019 ൽ എട്ടിൽ ഒരാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്‍റെ ആദ്യ നാളുകളിൽ തന്നെ വിഷാദരോഗവും ഉത്കണ്ഠയും 25 ശതമാനം കൂടുതൽ ആളുകളിൽ കണ്ടിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 

കേരളത്തിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെയും വലിയ തോതിൽ ബാധിച്ച നിരവധി സംഭവങ്ങൾ ഓരോ ദിവസവും നാം കേൾക്കുന്നുണ്ട്. ഗാർഹിക പീഡനം, കുട്ടികളുടെ ആത്മഹത്യകൾ, കൗമാരക്കാരിൽ മയക്കുമരുന്ന് ഉപയോഗം, കുടുംബങ്ങളിൽ സംശയ രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, കൊലപാതകങ്ങൾ അങ്ങനെ നീളുന്നു പട്ടിക.