രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും ടൊമാറ്റോ ഫെസ്റ്റിവൽ

ബനോൾ: സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റോ ഫെസ്റ്റിവൽ വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻ വർഷങ്ങളിൽ നിർത്തിവച്ചിരുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഉച്ചയായപ്പോഴേക്കും വലൻസിയയിലെ തെരുവുകൾ ആളുകളെക്കൊണ്ട് നിറഞ്ഞു. ടൺ കണക്കിന് തക്കാളി ട്രക്കുകളിൽ എത്തി.

ലാ ടൊമാറ്റിന എന്നറിയപ്പെടുന്ന ഈ ആഘോഷം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ അവസാന ബുധനാഴ്ചയാണ് നടക്കുന്നത്. ഇത്തവണയും നഗരത്തിലെ തെരുവുകൾ ചുവന്നു തുടുത്തു.

നൃത്തം, പാട്ട്, പരേഡ് എന്നിവയുൾപ്പെടെ ഇത് ഒരാഴ്ച നീണ്ടുനിൽക്കും. സ്പെയിനിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സമയം കൂടിയാണിത്. ആൾക്കൂട്ടം നിയന്ത്രിക്കാൻ 2013 മുതൽ ടിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.