സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡിൽ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. സാറ്റലൈറ്റ് ഫോൺ കസ്റ്റഡിയിൽ വച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരാഴ്ചയ്ക്ക് ശേഷം പിഴയടച്ച് ഇദ്ദേഹം പുറത്തിറങ്ങി. പിന്നീട് ഇദ്ദേഹം സൗദി അറേബ്യയിലേക്ക് മടങ്ങിയതായാണ് വിവരം.
ഈ വർഷം ജൂലൈ 12നാണ് 62 കാരനായ ഫെർഗസിനെ കസ്റ്റഡിയിലെടുത്തത്. താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ഫെർഗസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ ലംഘിച്ച് സാറ്റലൈറ്റ് ഫോൺ കൈവശം വച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ചമോലി എസ്പി ശ്വേത ചൗബെ വിശദീകരിച്ചു.
വിദേശത്ത് നിന്ന് എത്തുന്നവരെ ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ കൂടിയാണ് നടപടിയെടുത്തതെന്നും 1,000 രൂപ പിഴയടച്ചതിന് ശേഷമാണ് ഫെർഗസിനെ വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു.