ടൂറിസ്റ്റ് ബസ് കളർ കോഡ്; സാവകാശം തേടി ബസുടമകള്‍

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും ഏകീകൃതനിറം പദ്ധതി നടപ്പാക്കാനും സാവകാശം തേടി ടൂറിസ്റ്റ് ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. എന്നാൽ ഇവരുടെ ആവശ്യം മന്ത്രി തള്ളി. സാവകാശം നൽകില്ലെന്നും ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുമെന്നും യോഗത്തിൽ മന്ത്രി നിലപാടെടുത്തു. നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് തിങ്കളാഴ്ച പ്രഖ്യാപിച്ച തീരുമാനങ്ങൾ മാറ്റമില്ലാതെ നടപ്പാക്കാനാണ് തീരുമാനം. ഇന്നത്തെ പ്രത്യേക സാഹചര്യം ടൂറിസ്റ്റ് ബസ് ഉടമകളെ അറിയിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കും. പ്രഖ്യാപിച്ച തീരുമാനങ്ങളിൽ മാറ്റമില്ല. ഹൈക്കോടതി പറഞ്ഞതടക്കം എല്ലാം സമയബന്ധിതമായി നടപ്പാക്കും. എല്ലാ വാഹനങ്ങൾക്കും നിയമം ഒരുപോലെ ബാധകമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.

അതേസമയം, സർക്കാർ നീക്കം പ്രായോഗികമല്ലെന്നും അടുത്ത ഫിറ്റ്നസ് സമയം വരെയെങ്കിലും സമയം നൽകണമെന്നും ടൂറിസ്റ്റ് ഉടമകൾ പറഞ്ഞു. ചിലർ നടത്തുന്ന അതിക്രമങ്ങൾക്ക് എല്ലാവരെയും ശിക്ഷിക്കുന്നത് ശരിയല്ലെന്ന് ടൂറിസ്റ്റ് ബസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബസുകളുടെ വേഗ ഇളവിനെ അവർ ശക്തമായി എതിർത്തിരുന്നു. ഹൈക്കോടതിയുടെ നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞതായി ടൂറിസ്റ്റ് ബസ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. ചില നിർദ്ദേശങ്ങളും ആവശ്യങ്ങളും സമർപ്പിച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.