ഗതാഗതക്കുരുക്ക് ; ശസ്ത്രക്രിയ നടത്താൻ കാർ ഉപേക്ഷിച്ച് ഡോക്ടര്‍ ഓടിയത് 3 കിലോമീറ്റര്‍
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്ന് കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിമധ്യേ കാർ ഉപേക്ഷിച്ച് ഓടിയത്. കൃത്യസമയത്ത് ആശുപത്രിയിലെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാൻ ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവമാണ് ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ആശുപത്രിയിലെത്താൻ മൂന്ന് കിലോമീറ്റർ മാത്രം ബാക്കി ഉള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. സാധാരണ ഗതിയിൽ ഇവിടെ നിന്ന് ആശുപത്രിയിലെത്താൻ 10 മിനിറ്റാണ് വേണ്ടത്. എന്നാൽ, ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ, ഗതാഗതക്കുരുക്ക് കാരണം 45 മിനിറ്റ് ആവശ്യമാണെന്ന് കണ്ടു. തുടർന്ന് ഡോക്ടർ കാർ ഡ്രൈവർക്ക് കൈമാറി ഓടുകയായിരുന്നു.
ദിവസവും വ്യായാമം ചെയ്യുന്നതിനാൽ മൂന്ന് കിലോമീറ്റർ ഓടാൻ ബുദ്ധിമുട്ട് ഉണ്ടായില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതിന് മുമ്പും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വാഹനം ഉപേക്ഷിച്ച് ഡോ. ഗോവിന്ദ് നടന്നിട്ടുണ്ട്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതയില്ലാത്തത് ബുദ്ധിമുട്ടാണെന്നും ഡോക്ടർ പറഞ്ഞു.