ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ ഉണ്ടായ ദുരന്തം; മരണം 146 ആയി

സോൾ: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 150-ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാത്രി 10.30ഓടെയായിരുന്നു സംഭവം. പ്രധാന ആഘോഷവേദിയായ ഇത്തായ്വോണിലേക്കുള്ള ഇടുങ്ങിയ വഴിയിലേക്ക് ആളുകള്‍ തള്ളിക്കയറിയതാണ് അപകടകാരണം. പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അഗ്‌നിശമനസേനാ വിഭാഗം അറിയിച്ചു.

സമീപത്തുള്ള ബാറില്‍ പ്രശസ്തനായ ആരോ ഉണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ തിക്കും തിരക്കും ഉണ്ടാക്കിയെന്നാണ് കരുതുന്നത്. ചരിഞ്ഞ വഴിയുടെ മുകളിലുണ്ടായിരുന്നവര്‍ താഴേക്ക് വീഴാന്‍ തുടങ്ങിയതോടെയാണ് കൂട്ടിയിടിയും പരിഭ്രാന്തിയുമുണ്ടായത്.

അനൗദ്യോഗിക കണക്ക് അനുസരിച്ച് ഒരു ലക്ഷത്തോളം പേര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കോവിഡിന് ശേഷം ആദ്യമായി പൊതുസ്ഥലത്ത് മാസ്‌കില്ലാതെ നടന്ന ഹാലോവീന്‍ ആഘോഷമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അപകടത്തിന് പിന്നാലെ ജനങ്ങളോട് എത്രയും പെട്ടന്ന് വീടുകളിലേക്ക് തിരികെ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് യോള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 150 ലധികം അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി.

ഇടറോഡിലും മറ്റുമായാണ് പരിക്കേറ്റവര്‍ക്ക് കൃത്രിമശ്വാസോച്ഛാസവും പ്രാഥമിക ചികിത്സയും നല്‍കിയത്. പിന്നില്‍നിന്നുള്ള തള്ളലില്‍ ഒട്ടേറെപ്പേര്‍ നിലത്തുവീണു. ചവിട്ടേറ്റും ഞെരുങ്ങിയും ശ്വാസം മുട്ടിയുമാണ് മരണങ്ങളേറെയും. അടിയന്തര സേവനത്തിന് 400ലധികം ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു.