അഗ്നിവീറുകൾക്ക് മുടിവെട്ടാനും ഡ്രൈവിങ്ങിനും പരിശീലനം നൽകുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: അഗ്നിവീറുകളെ അപമാനിക്കുന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി രംഗത്ത്. വണ്ടിയോടിക്കൽ, മുടി വെട്ടൽ, വൃത്തിയാക്കൽ തുടങ്ങിയവയിൽ അഗ്നിവീറുകൾക്ക് പരിശീലനം നൽകും. 4 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ അവ ഉപയോഗപ്രദമാകുമെന്ന് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന വിവാദമായി.

മന്ത്രിയുടെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ സൈന്യം ഇനി ഡ്രൈവർ, ഇലക്ട്രീഷ്യൻ തുടങ്ങിയ ജോലികൾ ചെയ്യുന്നതിനുള്ള പരിശീലന കേന്ദ്രമായി മാറുമെന്ന് ശിവസേന നേതാവും എംപിയുമായ പ്രിയങ്ക ചതുർവേദി പറഞ്ഞു. ബി.ജെ.പി ഓഫീസിൽ സുരക്ഷയൊരുക്കണമെങ്കിൽ അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വർഗിയ കഴിഞ്ഞ ദിവസം പറഞ്ഞതും വിവാദമായിരുന്നു.

ഇരുനേതാക്കളുടെയും പ്രസ്താവന അപമാനകരമാണെന്ന് കോൺഗ്രസും എഎപിയും പ്രതികരിച്ചു. ‘മേം ഭി ചൗക്കിദാർ’ കാമ്പയിൻ ആരംഭിച്ചപ്പോൾ ബിജെപി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായതായി കോൺഗ്രസ് വക്താവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. അഗ്നിപഥിനെ രാഷ്ട്രീയവൽക്കരിക്കുന്ന ലക്ഷ്യം എന്താണെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.