വടക്കഞ്ചേരി അപകടത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ അന്വേഷണ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് സർക്കാരിന് സമർപ്പിച്ചേക്കും. ഡ്രൈവർ ജോമോനും ബസ് ഉടമയ്ക്കുമെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജോമോന്‍റെ രക്തപരിശോധനാ ഫലവും ഇന്ന് പുറത്തുവരാനാണ് സാധ്യത.

വടക്കഞ്ചേരിയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിന്‍റെ വിശദമായ റിപ്പോർട്ടാണ് ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്ന് മന്ത്രിക്ക് കൈമാറുക. പാലക്കാട് എൻഫോഴ്സ്മെന്‍റ് ആർടിഒ എം കെ ജയേഷ് കുമാർ ഇന്നലെ വൈകിട്ടാണ് വിശദമായ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. 18 പേജുള്ള റിപ്പോർട്ടിൽ അപകടത്തിന്‍റെ കാരണം, സാഹചര്യം, ബസിലെ നിയമലംഘനം എന്നിവ വിശകലനം ചെയ്തിട്ടുണ്ട്.

അപകടത്തിന്‍റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ചില കണ്ടെത്തലുകളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. റിപ്പോർട്ട് പരിശോധിച്ച ശേഷം മോട്ടോർ വാഹന വകുപ്പ് തുടർ നടപടികൾ സ്വീകരിക്കും.