കാസിരംഗയിൽ ട്രക്ക് കാണ്ടാമൃഗത്തെ ഇടിച്ചുവീഴ്ത്തി; മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി
കാസിരംഗ: കാസിരംഗ ദേശീയ ഉദ്യാനത്തിലൂടെ കടന്നുപോകുന്ന ഹൈവേയിൽ ഒരു ട്രക്ക് കാണ്ടാമൃഗത്തെ ഇടിച്ചതിന്‍റെ വീഡിയോ പങ്കുവച്ച് മുന്നറിയിപ്പ് നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ട്രക്ക് ഡ്രൈവറെ തടഞ്ഞ് പിഴ ഈടാക്കുകയും ചെയ്തു. കാണ്ടാമൃഗങ്ങളുടെ മേഖലയിൽ ഇത്തരം നിയമലംഘനങ്ങൾ അനുവദനീയമല്ലെന്ന് വീഡിയോ ഷെയർ ചെയ്തുകൊണ്ട് അസം മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ വിപുലീകരണം മൂലം റോഡപകടങ്ങളിൽ വന്യമൃഗങ്ങളുടെ മരണം വർദ്ധിച്ചു വരികയാണ്. ഇത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളിക്കെതിരെ വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അസം മുഖ്യമന്ത്രി കാണ്ടാമൃഗങ്ങളുടെ മേഖലയിൽ വാഹനങ്ങളുടെ വേഗ നിയമം ലംഘിക്കാൻ തന്‍റെ സർക്കാർ അനുവദിക്കില്ലെന്ന് ഊന്നിപ്പറഞ്ഞു. ഹിമന്ത ബിശ്വ ശർമ്മ പങ്കുവച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ ഒരു ട്രക്ക് വേഗതയിൽ ഹൈവേയിലേക്ക് വരുന്നതും കാണ്ടാമൃഗത്തെ ഇടിക്കുന്നതും കാണാം. ദേശീയപാത 37 ലായിരുന്നു സംഭവം. വീഡിയോയിൽ, കാണ്ടാമൃഗം എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ഇടറി വീഴുന്നതും കാണാം. പിന്നീട്, കാണ്ടാമൃഗം എഴുന്നേറ്റ് കാട്ടിലേക്ക് മടങ്ങുന്നതും കാണാം.
സംഭവം നടന്ന ഹൽദിബാരി ഇടനാഴിയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 40 കിലോമീറ്ററാണ്. എന്നാൽ ട്രക്ക് മണിക്കൂറിൽ 52 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘കാണ്ടാമൃഗങ്ങൾ നമ്മുടെ സുഹൃത്തുക്കളാണ്. അവരുടെ സ്ഥലത്ത് ഒരു ലംഘനവും അനുവദിക്കരുത്. ഹൽദിബാരിയിലെ ഈ നിർഭാഗ്യകരമായ സംഭവത്തിൽ കാണ്ടാമൃഗം രക്ഷപ്പെട്ടു. വാഹനം തടയുകയും പിഴ ചുമത്തുകയും ചെയ്തു’. ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.